കൊച്ചി: ലോക്ഡൗണിനു ശേഷം വീണ്ടും കുതിച്ച് കൊച്ചി മെട്രോ. 53 ദിവസത്തെ ഇടവേളയ്ക്കുശേഷം മെട്രോ വീണ്ടും ഓടി തുടങ്ങിയപ്പോള്‍ ആദ്യ അഞ്ച് ദിവസത്തിനിടെ 14,351 യാത്രക്കാരാണ് യാത്ര ചെയ്തത്. സര്‍വീസ് ആരംഭിച്ച ജൂലൈ ഒന്നിന് തന്നെ 7,586 യാത്രക്കാരാണ് മെട്രോ യാത്രയ്ക്കായി ഉപയോഗിച്ചത്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ട് വരെയാണ് സര്‍വീസ് നടത്തുന്നത്. സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുന്നതിനായി സീറ്റുകള്‍ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോണ്ടാക്ട്ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവില്‍ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വണ്‍ കാര്‍ഡ്, കൊച്ചി വണ്‍ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്.
കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കൊച്ചി വണ്‍ ആപ്പിന്റെ ഉപയോഗം യാത്രക്കാര്‍ക്ക് സമ്പര്‍ക്കമില്ലാത്ത യാത്രയ്ക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതുപയോഗിച്ച് യാത്രക്കാര്‍ക്ക് രണ്ട് ക്ലിക്കുകള്‍ക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നു.
നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ട്രെയിനിനും സ്റ്റേഷനുകള്‍ക്കുമിടയില്‍ ക്രമരഹിതമായി പരിശോധന നടത്തുന്നതിന് കൃത്യമായി സ്റ്റാഫിനെ നിയോഗിച്ചിട്ടുണ്ട്. എല്ലാദിവസവും ട്രെയിനില്‍ ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യുന്നുണ്ടോ എന്നും ആള്‍ക്കൂട്ടം കൂടുന്നുണ്ടോ എന്നും കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്.
വിമാനയാത്രക്കാര്‍ക്ക് തടസരഹിതമായ കണക്റ്റിവിറ്റി നല്‍കുന്നതിനായി ആലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ ബസ് സര്‍വീസുകളും മെട്രോ പുനരാരംഭിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്നു രാവിലെ 7.50 നും ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് രാവിലെ 8.30 നും ആദ്യ ബസ് സര്‍വീസ് ആരംഭിക്കും.
വീണ്ടും കുതിച്ച് കൊച്ചി മെട്രോ; അഞ്ച് ദിവസത്തിനിടെ 14,351 യാത്രക്കാര്‍
01:30 PM Jul 07, 2021 | Deepika.com