ലണ്ടൻ: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് രണ്ടുനാൾ മാത്രം ശേഷിക്കേ ഇംഗ്ലണ്ട് ഏകദിന ടീമിലെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ടീം സ്റ്റാഫിലെ നാല് അംഗങ്ങൾക്കും മൂന്ന് കളിക്കാർക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ശ്രീലങ്കയ്ക്കെതിരേ കളിച്ച ഏകദിന ടീമിനെ പൂർണമായും നിരീക്ഷണത്തിലേക്ക് മാറ്റി.
പാക്കിസ്ഥാനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയിൽ മാറ്റമുണ്ടാകില്ലെന്നും പുതിയ ടീമിനെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും ഇസിബി (ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്) അറിയിച്ചു. പരിക്കിനെ തുടർന്ന് വിട്ടുനിന്ന ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ നായകനായി നിയമിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് കൗണ്ടി ട്വന്റി-20 -യിൽ കളിക്കുന്ന നിരവധി താരങ്ങളെ ബോർഡ് കോവിഡ് പരിശോധനയ്ക്കായി വിളിച്ചുവെന്നാണ് റിപ്പോർട്ട്.
പൂർണമായും പുതിയ ടീമിനെ രംഗത്തിറക്കാൻ ബോർഡ് തീരുമാനിച്ചതിനാൽ നിരവധി പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചേക്കും. എയിൻ മോർഗന്റെ നേതൃത്വത്തിലുള്ള സംഘം ലങ്കയ്ക്കെതിരായ ഏകദിന, ട്വന്റ-20 പരമ്പരകളിൽ സമ്പൂർണ ജയം സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ട് ടീമിൽ ഏഴ് പേർക്ക് കോവിഡ്; സ്റ്റോക്സ് പുതിയ ക്യാപ്റ്റൻ
02:22 PM Jul 06, 2021 | Deepika.com