പീരുമേട്: പ്രമുഖ വ്യവസായിയും പ്ലാന്ററും റബർ ബോർഡ് മുൻ വൈസ് ചെയർമാനും രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിയുടെ മുൻ ഡയറക്ടറുമായ മൈക്കിൾ എ. കള്ളിവയലിൽ (97) അന്തരിച്ചു. കുട്ടിക്കാനത്തെ വസതിയിൽ ശനിയാഴ്ച രാത്രി 11 നായിരുന്നു വിയോഗം.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം മല്ലികശേരി കൊണ്ടൂപ്പറന്പിൽ വസതിയിലെ ശുശ്രൂഷകൾക്കുശേഷം വിളക്കുമാടം സെന്റ് ഫ്രാൻസിസ് പള്ളിയിൽ. ഇടമറ്റം കുരുവിനാക്കുന്നേൽ കുടുംബാംഗമായ മറിയമ്മയാണ് ഭാര്യ. മക്കൾ: റാണി, വിമല, ഗീത, ജോസഫ് മൈക്കിൾ, റോഷൻ.
വിഖ്യാതനായ പ്ലാന്റർ കള്ളിവയലിൽ പാലാ വിളക്കുമാടം കൊണ്ടൂപറന്പിൽ പാപ്പന്റെയും (കെ.സി. ഏബ്രഹാം കള്ളിവയലിൽ) ഏലിയാമ്മയുടെയും ഏഴു മക്കളിൽ നാലാമനാണു മൈക്കിൾ എ. കള്ളിവയലിൽ. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽനിന്നു ബിരുദം നേടിയശേഷം പിതാവിന്റെ പാതയിൽ പ്ലാന്റേഷൻ രംഗത്തു സജീവമായി.
പിതാവിന്റെ എസ്റ്റേറ്റുകളും മർഫി സായിപ്പിൽനിന്നു വാങ്ങിയ എസ്റ്റേറ്റുകളുമെല്ലാം ചേർന്ന് കേരളത്തിലെ പ്രമുഖ പ്ലാന്റേഷനുകളുടെ ചുമതലയിൽ സജീവമായിരുന്നു. റബർ, തേയില, കാപ്പി തുടങ്ങിയ കൃഷികളിൽ വിജയകരമായ നൂതനരീതികൾ ആവിഷ്കരിക്കുകയും പ്രചാരം നൽകുകയും ചെയ്തു. പുല്ലുപാറ എസ്റ്റേറ്റിൽ തേയില കൃഷിയിലും നേട്ടംകൊയ്തു.
1977-ൽ ബ്ലോക്ക് റബർ സംസ്കരണത്തിനായി കള്ളിവയലിൽ കുടുംബത്തിലെ തന്നെ സഹോദരൻ പൈകയിൽ തുടങ്ങിയ ഹീവിയ ക്രംബ് ഫാക്ടറി പിന്നീട് ഏറ്റെടുത്തതോടെ വ്യവസായ രംഗത്തും സജീവമായി. മകൻ ജോസഫ് കള്ളിവയലിന്റെ താൽപര്യത്തിൽ ഗെന്റോക്ക് റബർ കന്പനി കൂടി ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളിലേക്കു റബർ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന നിലയിലേക്കു വളർന്നു.
ഗതാഗത സൗകര്യത്തിനായി ബ്രിട്ടീഷുകാർ 1904-ൽ തുടങ്ങിയ കോട്ടയത്തെ മോട്ടോർ ട്രാൻസ്പോർട്ട് കന്പനിയും വാങ്ങി. ഹീവിയ എൻജിനീയറിംഗ് വർക്സ്, ടാസ് ഹിൽ പ്ലാന്റേഷൻസ്, ഗ്ലെൻവ്യൂ തേയില ഫാക്ടറി, ഗ്ലെന്റോക് ചാരിറ്റബിൾ സൊസൈറ്റി, മിസ്റ്റി മൗണ്ടൻ പ്ലാന്റേഷൻ റിസോർട്ട് തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും ഒട്ടേറെപ്പേർക്കു ജോലിയും ജീവിതമാർഗവും നൽകാൻ കഴിഞ്ഞു.
ഇന്ത്യയിൽ റബർ കൃഷി വിജയകരമാക്കിയ വിഖ്യാതനായ ജെ.ജെ. മർഫിയുമായുള്ള അടുപ്പം മൈക്കിൽ കള്ളിവയലിലിനെ മികച്ച റബർ പ്ലാന്ററാക്കാൻ സഹായകമായി. മർഫി സായിപ്പിന്റെ ഓർമയ്ക്കായി ഏന്തയാർ ജെജെ മർഫി സ്കൂൾ തുടങ്ങിയ ഇദ്ദേഹം പിതാവിന്റെ സ്മരണയ്ക്കായി മുണ്ടക്കയത്ത് കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ സ്കൂളും ആരംഭിച്ചു.
1960 കളുടെ തുടക്കത്തിൽ കുട്ടിക്കാനം പയസ് ടെൻത് സ്കൂളിന്റെ സ്ഥാപനത്തിലും മുഖ്യ പങ്കുവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായിരുന്ന മാർ മാത്യു അറയ്ക്കലിന്റെ അഭ്യർഥന സ്വീകരിച്ചു കുട്ടിക്കാനം മരിയൻ കോളജിന്റെ സ്ഥാപനത്തിനായി 25 ഏക്കർ ഭൂമി ദാനം നൽകാനും സ·നസ് കാട്ടി. രൂപതയുടെ മറ്റു സാമൂഹ്യ പദ്ധതികൾക്കായും നൂറിലേറെ ഏക്കർ ഭൂമിയും ദാനം ചെയ്തു.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പൈക ലയണ്‍സ് ഐ ഹോസ്പിറ്റൽ എന്നിവയുടെ സ്ഥാപനത്തിനായി കൈയയച്ചു സഹായിച്ചു. ഹൈറേഞ്ചിലെ വിവിധ കത്തോലിക്ക ദേവാലയങ്ങളുടെയും സന്യാസസ്ഥാപനങ്ങളുടെയും സ്കൂളുകളുടെയും ആശുപത്രികളുടെയും അഗതിമന്ദിരങ്ങളുടെയും സ്ഥാപനത്തിലും ഉദാരമായ സഹായസഹകരണങ്ങൾ നൽകി.
ഏന്തയാറിൽ വയോധികർക്കായി സ്നേഹഗിരി സന്യാസി സമൂഹം സ്ഥാപിച്ച ശാന്തിനിലയത്തിനും പെരുവന്താനം പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിക്കും തെക്കേമല, മുറിഞ്ഞപുഴ, ഏന്തയാർ, കന്പംമെട്ട് ദേവാലയങ്ങൾക്കും വിവിധ കോണ്‍വെന്റുകൾക്കും സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായി ഭൂമിയും ഇതര സഹായങ്ങളും നൽകി.
പെരുവന്താനം പഞ്ചായത്തംഗം, പെരുവന്താനം സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ബാങ്ക് എന്നിവയുടെ സ്ഥാപക പ്രസിഡന്റ്, കുട്ടിക്കാനം മരിയൻ കോളജ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പൊതുസേവനത്തിൽ തത്പരനായിരുന്ന മൈക്കിൾ കള്ളിവയലിൽ ഒരിക്കൽ ഇടുക്കിയിൽനിന്നു പാർലമെന്റിലേക്കു മത്സരിച്ചു.
റബർ ബോർഡ് വൈസ് ചെയർമാൻ, കേരള കാത്തലിക് ട്രസ്റ്റ് പ്രസിഡന്റ്, രാഷ്ട്രദീപിക ഡയറക്ടർ, മുണ്ടക്കയം പ്ലാന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, മുണ്ടക്കയം ക്ലബ് പ്രസിഡന്റ്, കോട്ടയം ജില്ലാ അമച്വർ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്, പീരുമേട് വന്യജീവി സംരക്ഷണ സമിതി പ്രസിഡന്റ് തുടങ്ങി മൈക്കിൾ കള്ളിവയലിൽ സാമൂഹിക പ്രതിബദ്ധതയോടെ നേതൃത്വം നൽകിയവ നിരവധിയാണ്.
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ നല്ലതണ്ണിയിൽ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ ട്രസ്റ്റ് പ്രവർത്തിച്ചുവരുന്നു. രൂപത പാസ്റ്ററൽ കൗണ്‍സിലിലും വിവിധ സമിതികളിലും അംഗമായിരുന്നു. പൈക ഇടമറ്റത്ത് ലയണ്‍സ് ക്ലബുമായി ചേർന്ന് ലയണ്‍സ് ഐ ഹോസ്പിറ്റൽ സ്ഥാപിച്ച് ചെലവുകുറഞ്ഞ ചികിത്സാ സൗകര്യം ഏർപ്പെടുത്തി.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ വികസനത്തിലും പ്രധാന പങ്കുവഹിച്ചു. ഇവിടെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുകയും നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കുകയും ചെയ്തു. ആശുപത്രിയുടെ സെക്രട്ടറിയും ട്രഷററുമായി ദീർഘകാലം പ്രവർത്തിച്ചു.
മൈക്കിൾ എ. കള്ളിവയലിൽ അന്തരിച്ചു
02:00 PM Jun 27, 2021 | Deepika.com