കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നിയമ വിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ നിയമനം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ജസ്റ്റീസ് വി.കെ. മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. ഈ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും ഇഡി ആരോപിച്ചു.
ജുഡീഷ്യൽ കമ്മീഷനെതിരെ ഇഡി ഹൈക്കോടതിയിൽ
07:26 PM Jun 24, 2021 | Deepika.com