തിരുവനന്തപുരം: ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോൾ അപമര്യാദയായി സംസാരിച്ച വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെ മാറ്റണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വനിതകൾക്ക് ആവശ്യമില്ലാത്ത വനിത കമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ല. ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിത കമ്മീഷൻ അധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകൾ പരാതി പറയുകയെന്നും അദ്ദേഹം ചോദിച്ചു. ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയാറാവണം. രാജ്യത്തെ ഭരണഘടനയോടല്ല പാർട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിത കമ്മീഷൻ അധ്യക്ഷ പറയുന്നത്. തനിക്ക് മാനഹാനി നേരിട്ടാൽ പാർട്ടിയിലാണ് പരാതി നൽകുകയെന്നാണ് ഇവരുടെ ഭാഷ്യം.
ധാർഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവർ വനിത കമ്മീഷൻ അധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ മുഴുവൻ വനിതകൾക്കും നാണക്കേടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വനിത കമ്മീഷൻ അധ്യക്ഷയെ മാറ്റണമെന്ന് കെ. സുരേന്ദ്രൻ
05:30 PM Jun 24, 2021 | Deepika.com