തിരുവനന്തപുരം: ബ്രണ്ണൻ വിവാദം അവസാനിപ്പിച്ച് സിപിഎം. കെപിസിസി അധ്യക്ഷൻ കെ. സുധാരകന്റെ പ്രസ്താവനയോട് പ്രതികരിച്ചു, അത് അവിടെ അവസാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. സുധാകരൻ പറഞ്ഞത് അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്ന് പറഞ്ഞ വിജയരാഘവൻ ഇനി അതേക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്നും പറഞ്ഞു.
കേന്ദ്രസർക്കാരിനെ ന്യായീകരിക്കാനാണ് സംസ്ഥാനം ഇന്ധന നികുതി കുറക്കണം എന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാളും ഇന്ധനനികുതി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റേത് സാധാരണക്കാരെ സഹായിക്കുന്ന സമീപനമല്ല. പെട്രോൾ ഡീസൽ വില ഏത് സമയവും നൂറ് കടക്കും. ഈ സാഹചര്യത്തിൽ ജൂൺ 30ന് വൈകുന്നേരം നാലിന് എല്ലാ പഞ്ചായത്ത് വാർഡുകളിലും എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. 25,000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
ബ്രണ്ണൻ വിവാദം അവസാനിപ്പിച്ച് സിപിഎം
06:42 PM Jun 21, 2021 | Deepika.com