തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് ശനിയാഴ്ച മറുപടി പറയുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിശദമായി പറയാനുണ്ട്. ശനിയാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും സുധാകരൻ പറഞ്ഞു.
ഇന്നത്തെ വാർത്താസമ്മേളനത്തിൽ അതിരൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരനെ കടന്നാക്രമിച്ചത്. ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്റെ പരാമര്‍ശത്തോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. മുന്‍ ഡിസിസി പ്രസിഡന്റെ പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്.
ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താൻ മർദിച്ചിട്ടുണ്ടെന്നു സുധാകരൻ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയും പഴയ കഥകൾ പുറത്തെടുത്തത്. സുധാകരൻ പൊങ്ങച്ചം പറയുകയാണ്. സുധാകരൻ പറഞ്ഞത് ഒരു സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ്.
അദ്ദേഹത്തിന് തന്നെ ചവുട്ടി വീഴ്ത്തണമെന്നൊക്കെ മോഹമുണ്ടായി കാണും. യഥാർഥത്തിൽ സംഭവിച്ചാലല്ലേ സംഭവിച്ചതായി പറയാൻ കഴിയുകയുള്ളു. അതുകൊണ്ടൊന്നും വിചാരിക്കുന്നതു പോലെ വിജയനെ വീഴിക്കാനാകില്ല.- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിശദമായി പറയാനുണ്ട്; മുഖ്യമന്ത്രിക്ക് മറുപടി ശനിയാഴ്ച: കെ. സുധാകരൻ
09:23 PM Jun 18, 2021 | Deepika.com