തിരുവനന്തപുരം: ഓൺലൈൻ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം തുടരേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറച്ചുകാലം കൂടി കോവിഡ് നമുക്കിടയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാഠപുസ്തകത്തിനൊപ്പം ഡിജിറ്റൽ ഉപകരണങ്ങളും വിദ്യാർഥികളിൽ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാർഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും.
വിവിധ സ്രോതസുകളെ ഒന്നിച്ച് അണിനിരത്തിയാകും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സൗജന്യ ഇന്റർനെറ്റ് നൽകാനും കണക്ടിവിറ്റി കൂട്ടാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മൂന്നാം തരംഗം വന്നേക്കാം; ഓൺലൈൻ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി
11:58 AM Jun 08, 2021 | Deepika.com