തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും തോറ്റതോടെ ബിജെപിയിൽ കടുത്ത പ്രതിസന്ധി. പത്തു സീറ്റിൽ വരെ ഉറപ്പായും വിജയപ്രതീക്ഷ വച്ചുപുലർത്തിയിരുന്ന ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെട്ടു. ഒ.രാജഗോപാൽ വിജയിച്ചിരുന്ന നേമത്ത് ഇത്തവണ കുമ്മനം രാജശേഖരൻ മത്സരിച്ചെങ്കിലും സിപിഎമ്മിലെ ശിവൻകുട്ടിയോടു പിന്നിൽ നിൽക്കുകയാണ്.
സുരേന്ദ്രൻ രണ്ടു മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതു നേരത്തെതന്നെ വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ തവണ 89 വോട്ടുകൾക്കു പരാജയപ്പെട്ട മഞ്ചേശ്വരത്തു വിജയ സാധ്യതയുണ്ടെന്നും ശബരിമല വിഷയം കോന്നിയിൽ തുണയ്ക്കുമെന്നും വിലയിരുത്തിയാണ് സുരേന്ദ്രൻ രണ്ടിടത്തും മത്സരിച്ചത്. ഹെലികോപ്റ്ററിലും മറ്റും എത്തി നടത്തിയ പ്രചാരണവും മറ്റും വലിയ വാർത്തയായി മാറിയിരുന്നു.
ദേശീയ നേതാക്കൾ അടക്കം സുരേന്ദ്രനു വേണ്ടി പ്രചാരണത്തിനുമെത്തി. എന്നാൽ, അതൊന്നും തുണയായില്ലെന്നു മാത്രമല്ല കോന്നിയിൽ സുരേന്ദ്രൻ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇതോടെ ബിജെപിയിൽ വലിയ ഉരുൾ പൊട്ടലുണ്ടാകുമെന്നാണ് സൂചന. ഗ്രൂപ്പുപോരിന്റെ മൂർധന്യത്തിൽനിന്നാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
സുരേന്ദ്രനെതിരേ ബിജെപിയിൽ വലിയൊരു വിഭാഗം ശക്തമായ ചേരിപ്പോരിലായിരുന്നു. സുരേന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നു ശോഭ സുരേന്ദ്രൻ കുറെ മാസങ്ങളായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. കേന്ദ്രനേതൃത്വം അടക്കം ഇടപെട്ടിട്ടും പാർട്ടിയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.
ശോഭ സുരേന്ദ്രനു സ്ഥാനാർഥിത്വം നൽകുന്നതിനെച്ചൊല്ലിയും തർക്കം നടന്നു. ഏറ്റവും അന്തിമ ഘട്ടത്തിലാണ് ശോഭയ്ക്കു കഴക്കൂട്ടത്തു മത്സരിക്കാൻ സീറ്റ് കിട്ടിയത്. സംസ്ഥാന നേതൃത്വമാണ് ശോഭയെ അവസാനം വരെ വെട്ടിയതെന്നായിരുന്നു ആരോപണം.
എന്തായാലും പ്രതീക്ഷ പുലർത്തിയ ഒരിടത്തു പോലും പ്രകടനം മെച്ചപ്പെടുത്താൻ ബിജെപിക്കു കഴിഞ്ഞില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഇതിനിടെ, തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കുഴൽപ്പണം എത്തിച്ചെന്നതടക്കമുള്ള വലിയ ആരോപണങ്ങളാണ് ഇനി ബിജെപിയെ കാത്തിരിക്കുന്നത്.
കെ.സുരേന്ദ്രനെതിരേയുള്ള പടയൊരുക്കം ബിജെപിയിൽ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. സംസ്ഥാന നേതൃത്വം അവകാശപ്പെട്ടതുപോലെയുള്ള പ്രകടനവും ബിജെപിക്കു കാഴ്ചവയ്ക്കാൻ ആയില്ല എന്നതാണ് കണക്കുകൾ കാണിക്കുന്നത്.
സുരേന്ദ്രൻ രണ്ടിടത്തും തോറ്റു, ബിജെപിയിൽ ഉരുൾപൊട്ടും
03:52 PM May 02, 2021 | Deepika.com