ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മിന്നും ജയം. കീറണ്‍ പൊള്ളാർഡിന്റെ മിന്നും പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. സ്കോർ:- ചെന്നൈ 218-4, മുംബൈ 219-6
ചെന്നൈ ഉയർത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ അവസാന പന്തിലാണ് വിജയം തട്ടിപ്പറിച്ചത്. വലിയ ലക്ഷ്യം മുന്നിൽ കണ്ട് മുംബൈയുടെ ഓപ്പണറുമാരായ രോഹിത് ശർമയും ക്വിന്റണ്‍ ഡി കോക്കും ശ്രദ്ധാപൂർവമാണ് ബാറ്റ് വീശിയത്. 71 റണ്‍സ് പടുത്തുയർത്തശേഷമാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 35 റണ്‍സെടുത്ത രോഹിത്തിനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ സൂര്യകുമാർ യാദവും (3) ഡി കോക്കും (28 പന്തിൽ 38) പവലിയൻ കയറി.
പിന്നീട് ക്രീസിലെത്തിയ കീറണ്‍ പൊള്ളാർഡ് മുംബൈയുടെ തേര് ഒറ്റയ്ക്ക് തെളിക്കുകയായിരുന്നു. 34 പന്തിൽ എട്ട് സിക്സും ആറ് ഫോറും ഉൾപ്പെടെ 87 റണ്‍സെടുത്ത് പൊള്ളാർഡ് പുറത്താകാതെ നിന്നു. ക്രുനാൽ പാണ്ഡ്യ 23 പന്തിൽ 32 റണ്‍സും ഹാർദിക് പാണ്ഡ്യ ഏഴ് പന്തിൽ 16 റണ്‍സും നേടി. ചെന്നൈയ്ക്കായി സാം കറണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡു പ്ലെസി, മൊയീൻ അലി, അന്പാട്ടി റായുഡു എന്നിവരുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് 218 റണ്‍സ് നേടിയത്.
പൊള്ളാർഡിന് മുന്നിൽ വീണ് ചെന്നൈ; മുംബൈയ്ക്ക് നാല് വിക്കറ്റ് ജയം
11:52 PM May 01, 2021 | Deepika.com