ന്യൂഡൽഹി: ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ച രോഗികളുടെ എണ്ണം 12 ആയി ഉയർന്നു. ഇന്ന് ഉച്ചയോടെ ഡോക്ടർമാർ ഉൾപ്പടെ എട്ട് രോഗികൾ ആശുപത്രിയിൽ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാല് മരണങ്ങൾ കൂടി സംഭവിച്ചത്.
ആശുപത്രിയിലെ ഓക്സിജൻ വിതരണം പൂർണമായും നിലച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 327 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 48 പേർ ഐസിയുവിലാണ്. എട്ടു പേരുടെ നില അതീവ ഗുരുതരവുമാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഡൽഹിയിലെ ആശുപത്രികൾക്ക് ആവശ്യമായ ഓക്സിജൻ ഉടൻ നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി കർശന നിർദേശം നൽകി. ഡൽഹിക്ക് അർഹമായ 490 മെട്രിക് ടണ്‍ ഓക്സിജൻ ഇന്ന് തന്നെ നൽകണമെന്ന് കോടതി അറിയിച്ചു. അല്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ബത്ര ആശുപത്രിയിലെ ഓക്സിജൻ ക്ഷാമം; മരണം പന്ത്രണ്ടായി
07:08 PM May 01, 2021 | Deepika.com