അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സ് നേടി.
അർധ സെഞ്ചുറി നേടിയ നായകൻ കെ.എൽ. രാഹുലിന്റെയും ക്രിസ് ഗെയ്ലിന്റെയും വെടിക്കെട്ടാണ് പഞ്ചാബിന് മികച്ച റണ്‍സ് നൽകിയത്. ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് (7) പരാജയപ്പെട്ടിടത്തുനിന്നും ഗെയ്ലിനെ കൂട്ടുപിടിച്ച് രാഹുൽ പഞ്ചാബിനെ കരകയറ്റുകയായിരുന്നു. ഗെയ്ലും (24 പന്തിൽ 46) രാഹുലും ചേർന്ന് 80 റണ്‍സ് കൂട്ട്കെട്ടാണ് പടുത്തുയർത്തിയത്.
ഗെയ്ലിനെ ഡാനിയേൽ സാംസ് പവലിയൻ കയറ്റിയതിനു പിന്നാലെ മൂന്ന് വിക്കറ്റുകളാണ് പഞ്ചാബിന് തുടരെ തുടരെ (നിക്കോളാസ് പുരാൻ-0, ദീപക് ഹൂഡ-5, ഷാരുഖ് ഖാൻ-0) നഷ്ടമായത്. പിന്നീട് ഹർപ്രീത് ബ്രാറിനോപ്പം ചേർന്ന് രാഹുൽ പഞ്ചാബിന്റെ സ്കോർ വേഗത്തിൽ ഉയർത്തി.
രാഹുൽ 57 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 91 റണ്‍സും ഹർപ്രീത് 17 പന്തിൽ 25 റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗളൂരുവിനായി കെയ്ൽ ജാമീസണ് രണ്ട് വിക്കറ്റ് വീഴ്ത്തി.
രാഹുൽ കരുത്തിൽ പഞ്ചാബ്; ബംഗളൂരുവിന് 180 റണ്‍സ് വിജയലക്ഷ്യം
09:49 PM Apr 30, 2021 | Deepika.com