വാ​ണി​ജ്യ ബാ​ങ്ക് സി​ഇ​ഒ​മാ​ർ​ക്ക് 15 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ദ​വി​യി​ൽ തു​ട​രാ​നാ​കി​ല്ല: ആ​ർ​ബി​ഐ

07:37 AM Apr 27, 2021 | Deepika.com
മും​ബൈ: വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് (എം​ഡി & സി​ഇ​ഒ) പ​ദ​വി​യി​ലെ വ്യ​ക്തി​ക​ളു​ടെ സേ​വ​ന​കാ​ലാ​വ​ധി റി​സ​ർ​വ് ബാ​ങ്ക് 15 വ​ർ​ഷ​മാ​യി നി​ജ​പ്പെ​ടു​ത്തി. മു​ഴു​വ​ൻ സ​മ​യ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും (ഡ​ബ്ല്യു​ടി​ഡി) ഇ​തേ പ​രി​ധി ബാ​ധ​ക​മാ​ണെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ഒ​രു പ്രൊ​മോ​ട്ട​ർ / പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ കൂ​ടി​യാ​യ എം​ഡി & സി​ഇ​ഒ അ​ല്ലെ​ങ്കി​ൽ ഡ​ബ്ല്യു​ടി​ഡി​ക്ക് 12 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ഈ ​ത​സ്തി​ക​ക​ൾ വ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ർ​ബി​ഐ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ഈ ​നി​യ​മ​ങ്ങ​ൾ ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, ആ​ർ​ബി​ഐ​യു​ടെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രൊ​മോ​ട്ട​ർ/​പ്ര​ധാ​ന ഓ​ഹ​രി​യു​ട​മ​ക​ളാ​യ എം​ഡി & സി​ഇ​ഒ അ​ല്ലെ​ങ്കി​ൽ ഡ​ബ്ല്യു​ടി​ഡി​ക​ൾ​ക്ക് 15 വ​ർ​ഷം വ​രെ സേ​വ​ന കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കാം.

അ​ത്ത​രം കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ, ആ​ർ​ബി​ഐ പ്ര​സ്തു​ത വാ​ണി​ജ്യ ബാ​ങ്കി​ന്‍റെ പു​രോ​ഗ​തി​യു​ടെ നി​ല​വാ​ര​ത്തി​ന് അ​നു​സ​രി​ച്ചാ​കും അ​ത് ക​ണ​ക്കാ​ക്കു​ക.