തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആൾക്കൂട്ടം പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അടച്ചിട്ട ഹാളുകളിൽ രോഗവ്യാപനസാധ്യത കൂടുതലാണ്. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കുന്നു. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
മരണാനന്തരചടങ്ങുകൾക്ക് പരമാവധി 20 പേർ മാത്രമേ പങ്കേടുക്കാവു. ആരാധനാലയങ്ങളിലും കർശനനിയന്ത്രണം വേണം. റംസാനോട് അനുബന്ധിച്ച് മുസ്ലിം പള്ളികളിൽ ആളുകൾ കൂടിയേക്കാം. ഇന്നത്തെ സാഹചര്യത്തിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം വീണ്ടും ചുരുക്കണം. ഇക്കാര്യം ജില്ലാ കളക്ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം.
നമസ്കരിക്കാൻ പോകുന്നവർ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളത്തിന് പകരം ടാപ്പ് ഉപയോഗിക്കണം. പല പള്ളികളിലും ഇത് ഇപ്പോഴേ നടപ്പായിട്ടുണ്ട്. ക്ഷേത്രങ്ങളിൽ തീർഥജലവും ഭക്ഷണവും നൽകുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണം.
ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും.
എല്ലാ യോഗങ്ങളും ഓൺലൈനായി മാത്രമേ നടത്താവൂ. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതി. ആരോഗ്യം, റവന്യൂ, പോലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കണം. സ്വകാര്യ ഓഫീസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം.
രാത്രികാലനിയന്ത്രണത്തിൽ ഒരു ഒത്തുചേരലും പാടില്ല. എന്നാൽ അവശ്യസേവനങ്ങൾ, ആശുപത്രികൾ, മരുന്നുഷോപ്പുകൾ, മാധ്യമങ്ങൾ, പാൽവിതരണം എന്നിവയ്ക്ക് ഒഴിവ് നൽകിയിട്ടുണ്ട്.
കടകളും ഹോട്ടലുകളും 7.30 വരെയാണ് പ്രവർത്തിക്കുന്നത്. അത് തുടരും. രാത്രി ഒൻപത് വരെ റസ്റ്റോറന്റുകൾക്ക് പാർസൽ നൽകാം. കടകളിൽ ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്തണം. റേഷൻ കടകളുടെ പ്രവർത്തനസമയം ചുരുക്കുന്ന കാര്യം പരിശോധിക്കും. അതിഥിത്തൊഴിലാളികൾക്കായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിവാഹത്തിന് 50 പേർ, ബാറുകളും തീയറ്ററുകളും അടയ്ക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം
06:13 PM Apr 26, 2021 | Deepika.com