തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് 25 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് ചികിത്സയ്ക്കായി കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും എല്ലാ ആശുപത്രികളും നീക്കിവയ്ക്കണം. സാഹചര്യം അനുസരിച്ച് ഇത് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
പരമാവധി ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കണം. ഐസിയു അറ്റകൂറ്റപ്പണികൾ ഉടനെ തന്നെ തീർക്കണം. ഐസിയുവിലെ കിടക്കകൾ ഗുരുതര രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തണം. ഐസിയു അനാവശ്യമായി നിറഞ്ഞുപോകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു.
എല്ലാ ദിവസവും ഒഴിവുള്ള കിടക്കകളുടെ എണ്ണം അതാത് ഡിഎംഒമാരെ അറിയിക്കണം. ഡിഎംഒമാർ ആവശ്യപ്പെട്ടാൽ കോവിഡ് ചികിത്സയിൽ പ്രാവിണ്യമുള്ള ജീവനക്കാരെ വിട്ടുനൽകാൻ തയാറാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് 25 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കണം: പിണറായി വിജയൻ
07:22 PM Apr 24, 2021 | Deepika.com