മുംബൈ: ഓപ്പണിംഗ് വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും നിലയുറപ്പിച്ചതോടെ ആവനാഴിയിലെ അസ്ത്രങ്ങൾ തീർന്ന അവസ്ഥയിലായി രാജസ്ഥാൻ റോയൽസ്. രാജസ്ഥാന് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ആർസിബി 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു.
പടിക്കൽ സെഞ്ചുറിയും ക്യാപ്റ്റൻ കോഹ്ലി അർധ സെഞ്ചുറിയും നേടിയാണ് ബാംഗ്ലൂരിന്റെ വിജയം അനയാസമാക്കിയത്. പടിക്കല്‍ 52 പന്തില്‍ നിന്ന് ആറ് സിക്സും 11 ഫോറുമടക്കം 101 റൺസും കോഹ്ലി 47 പന്തില്‍ മൂന്ന് സിക്സും ആറു ഫോറും സഹിതം 72 റണ്‍സും എടുത്തു. ഈ സീസണില്‍ ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. രാജസ്ഥാന്റെ മൂന്നാം തോൽവിയും.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ദുംബെ 32 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 46 റണ്‍സെടുത്തു.
രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ജോസ് ബട്ട്ലർ (8), മനന്‍ വോറ(7), ഡേവിഡ് മില്ലർ(0) എന്നിവർ വേഗം മടങ്ങി. 18 പന്തില്‍ നിന്ന് 21 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും പുറത്തായതോടെ രാജസ്ഥാൻ പരുങ്ങലിലായി. അഞ്ചാം വിക്കറ്റില്‍ ഒത്തുചേർന്ന ശിവം ദുബെ-റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാനെ 100 കടത്തിയത്. ഇരുവരും ചേർന്നു 66 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
റിയാന്‍ പരാഗ് 16 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാനെ 177-ല്‍ എത്തിച്ചത്. തെവാട്ടിയ 23 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 40 റണ്‍സെടുത്തു. ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് നേടി.
പടിക്കലിന് സെഞ്ചുറി, കോഹ്ലിക്ക് അര്‍ധ സെഞ്ചുറി; രാജസ്ഥാനെ കൂളായി കീഴടക്കി ആർസിബി
11:09 PM Apr 22, 2021 | Deepika.com