തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഇപ്പോള്‍ വേണ്ടെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കോര്‍കമ്മിറ്റിയില്‍ തീരുമാനം. ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നു യോഗം വിലയിരുത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീട്ടിലും കോവിഡ് പരിശോധന നടത്തും. വൈറസിന്റെ ജനിതക പഠനം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും വീടുകൾ തോറുമുള്ള പരിശോധന.
രോഗവ്യാപനം കൂടിയ ജില്ലകളിലെ കളക്ടര്‍മാര്‍ പ്രാദേശിക ലോക്ഡൗണെങ്കിലും വേണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഉടനതു വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് വൈറസിന് ജനിതകമാറ്റം വന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഇത് എത്രമാത്രം രോഗവ്യാപനം ഉണ്ടാകുന്നതിനും തീവ്രത വര്‍ധിപ്പിക്കുന്നതിനും കാരണമായി എന്ന് പഠിക്കും.
സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ തൃപ്തികരമാണെന്നു യോഗം വിലയിരുത്തി.
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണില്ല; വീടുകളില്‍ കോവിഡ് പരിശോധന നടത്തും
05:29 PM Apr 20, 2021 | Deepika.com