തിരുവനന്തപുരം: പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കിയ ത്രിപുരയിലെ ബിജെപിയുടെ വിജയ ചരിത്രം കേരളത്തിന് മാതൃകയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേർന്നാൽ കേരളത്തിന്റെ വികസന കുതിപ്പിന് ഇരട്ട എൻജിനുള്ള എൻഡിഎ സർക്കാരിനെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത്. ബിജെപി അധികാരത്തിൽ വന്നശേഷം ത്രിപുരയിൽ ഒരു രാഷ്ട്രീയ കൊലപാതകംപോലും നടന്നിട്ടില്ല.
മുസ്ലിം വിരോധം പറഞ്ഞ് ബിജെപിയെ അകറ്റി നിർത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിംകളെ ബംഗ്ലാദേശിലേക്ക് കടത്തുമെന്ന് അവർ പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നശേഷം എന്താണ് സ്ഥിതിയെന്ന് ത്രിപുരയിലെ മുസ്ലിംകളോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മുസ്ലിം വിരുദ്ധരാണെന്ന പ്രചാരണം ഇനി വിലപ്പോകില്ല. ബിജെപിക്കു മാത്രമേ വികസന പങ്കാളിയാകാൻ കഴിയൂവെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. ഇക്കാര്യം കേരളവും തിരിച്ചറിയണെന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ ബിജെപി വിജയം കേരളത്തിന് മാതൃക: ബിപ്ലവ് കുമാർ ദേബ്
07:22 PM Mar 16, 2021 | Deepika.com