കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥി ആയേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വൈകിട്ട് ഇതു സംബന്ധിച്ച് പ്രഖ്യാപമുണ്ടായേക്കുമെന്നും സൂചനയുണ്ട്.
ഇതിനു മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുടെ യോഗം ലതിക വിളിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രാഥമികാംഗത്വം അവർ രാജി വച്ചേക്കുമെന്നാണ് വിവരം.
നേരത്തെ, കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ ആരോ പിന്നിൽ നിന്ന് കളിച്ചുവെന്നതുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് ലതിക ഉന്നയിച്ചത്. ഇതിനൊപ്പം കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വച്ച് തല മുണ്ഡനം ചെയ്ത് അവർ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഏറ്റുമാനൂരിൽ സീറ്റ് ലഭിക്കാതിരുന്നെങ്കിലും, അവസാന നിമിഷം വരെ തന്റെ പേര് വൈപ്പിനിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ചില നേതാക്കൾ അറിയിച്ചിരുന്നുവെന്നും എന്നാൽ, ആ പ്രതീക്ഷയ്ക്കും അവസാനം മങ്ങലേറ്റുവെന്നും ലതിക പറഞ്ഞു.
ലതികയും പുറത്തേക്ക്; ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചേക്കും, പ്രഖ്യാപനം ഇന്ന്
08:09 AM Mar 15, 2021 | Deepika.com