ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്കേറ്റ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ഉയർത്തിയ ആരോപണത്തിന് രൂക്ഷഭാഷയിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ നിർദേശപ്രകാരം ഇതെല്ലാം നടക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുന്നത് പോലും നിന്ദ്യമായി തോന്നുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
ബംഗാൾ പോലീസ് മേധാവിയെ നീക്കിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിർദേശപ്രകാരമാണെന്ന തൃണണൂൽ കോൺഗ്രസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കമ്മീഷൻ. പോലീസ് മേധാവിയെ നീക്കയതിനു പിന്നാലെയാണ് മമതയ്ക്കു നേരെ ആക്രമണം ഉണ്ടായതെന്നാണ് തൃണമൂൽ ആരോപണം.
തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പേരിൽ സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം മുഴുവനും ഏറ്റെടുത്തു എന്നുപറയുന്നത് തികച്ചും തെറ്റാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ബംഗാൾ ഉൾപ്പെടെ ഏതെങ്കിലും സംസ്ഥാനത്തെ ദൈനംദിന ഭരണം കമ്മീഷൻ ഏറ്റെടുക്കാറില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെയും അടിത്തറയെയും ചോദ്യം ചെയ്യുന്ന തൃണമൂലിന്റെ പരാതി നിറയെ നിഗൂഡതകളാണെന്നും കമ്മീഷൻ പറഞ്ഞു.
പ്രതികരിക്കുന്നത് പോലും നിന്ദ്യം; മമതയ്ക്കെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
06:08 AM Mar 12, 2021 | Deepika.com