വരാപ്പുഴ: വീടിനകത്ത് ഭാര്യയെ വെട്ടേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചേന്നൂര്‍ മഠത്തിപ്പറമ്പില്‍ ജോസഫ് (റിട്ട. ഫാക്ട് ഉദ്യോഗസ്ഥന്-70), ഭാര്യ ലീല (65) എന്നിവര്‍ മരിച്ച സംഭവത്തില്‍ വരാപ്പുഴ പോലീസാണു അന്വഷണം ഊര്‍ജിതമാക്കിയത്.
തൂങ്ങി മരിച്ച ജോസഫ് മാനസിക വിഭ്രാന്തിമൂലം നടത്തിയ കൊലപാതകമാണെന്നാണു പോലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബന്ധുക്കളെ അടക്കം ചോദ്യം ചെയ്യുമെന്നു പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചേന്നൂരിലെ പള്ളിസെമിത്തേരിക്കു സമീപത്തെ വീട്ടിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂനമ്മാവില്‍ താമസിക്കുന്ന ഇവരുടെ ഇളയ മകന് ബുധനാഴ്ച വൈകുന്നേരം മുതല്‍ വീട്ടിലേക്കു ഫോണില്‍ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.
തുടര്‍ന്നു മകന് ദമ്പതികൾക്ക് തൊട്ടടുത്ത് താമസിച്ചിരുന്ന ബന്ധുവിനെ വിവരം അറിയിച്ചു. ഇയാൾ വീട്ടിൽ വരുമ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. രാത്രിയായിട്ടും ലൈറ്റുകൾ തെളിച്ചിരുന്നുമില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികള്‍ മാത്രമാണു വീട്ടില്‍ താമസിച്ചിരുന്നത്.
വരാപ്പുഴയിലെ ദന്പതികളുടെ മരണം: ബന്ധുക്കളെയടക്കം ചോദ്യം ചെയ്യും
11:22 AM Mar 11, 2021 | Deepika.com