ന്യൂഡൽഹി: മുതിർന്ന നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിടാൻ ആലോചിക്കുന്നു. നേതൃത്വം തുടർച്ചയായി തഴയുന്നുവെന്ന് ആരോപിച്ചാണ് ചാക്കോയുടെ മനംമാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ച് ചാക്കോ കോണ്‍ഗ്രസിൽ നിന്നുള്ള രാജിക്കാര്യം പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് ചാക്കോ. ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന താൻ പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്ക് മാറിയെങ്കിലും അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് ചാക്കോയുടെ ആക്ഷേപം.
നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാതിരുന്നതും സ്ഥാനാർഥി നിർണയത്തിൽ തന്നോട് കൂടിയാലോചന നടത്തിയില്ലെന്നും ചാക്കോയ്ക്ക് ആക്ഷേപമുണ്ട്.
ഇടഞ്ഞുനിൽക്കുന്ന ചാക്കോയെ അനുനയിപ്പിക്കാൻ ദേശീയ-സംസ്ഥാന നേതൃത്വത്തിൽ നിന്നും ആരും മുന്നോട്ടുവന്നിട്ടില്ല. കോണ്‍ഗ്രസ് വിട്ടാൽ എവിടേയ്ക്കെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ചാക്കോ എൻസിപിയിലേക്ക് പോകുമെന്ന് വാർത്തകളുണ്ടായിരുന്നു.
പി.സി.ചാക്കോ കോണ്‍ഗ്രസ് വിടുന്നു
01:58 PM Mar 10, 2021 | Deepika.com