ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 234ൽ 154 സീറ്റുകളിൽ മക്കൾ നീതി മയ്യം മത്സരിക്കുമെന്ന് നടൻ കമൽഹാസൻ. ബാക്കി 80 സീറ്റുകളിൽ സഖ്യകക്ഷികൾ മത്സരിക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി.
ഓൾ ഇന്ത്യ സമത്വമക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷികൾ. നാൽപ്പത് സീറ്റുകൾ വീതമാണ് ഇരുപാർട്ടിക്കും പങ്കുവച്ച് നൽകിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനമായത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ടാണ് മക്കൾ നീതി മയ്യം സ്വന്തമാക്കിയത്. നഗരമേഖലകളിൽ 10 ശതമാനം വോട്ട് ഷെയർ ചെയ്യാനും പാർട്ടിക്കായി. കോയമ്പത്തൂരിൽ നിന്നും മത്സരിച്ച എംഎൻഎം വൈസ് പ്രസിഡന്റ് ഡോ. ആർ. മഹേന്ദ്രൻ 1.45 ലക്ഷം വോട്ടുകൾ നേടിയിരുന്നു.ആകെ വോട്ട് ഷെയറിന്റെ 11.6 ശതമാനം നേടാൻ അദ്ദേഹത്തിന് സാധിച്ചു.
ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളെ തീരുമാനിക്കാൻ ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാനുള്ള സംവിധാനം പാർട്ടിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നിന്നാകും സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കും
10:55 AM Mar 09, 2021 | Deepika.com