തന്റെ മകൻ ജനിക്കുന്നതിന് മുൻപ് തന്നെ നിറത്തെ കുറിച്ച് രാജകുടുംബത്തിന് ആശങ്കയുണ്ടായിരുന്നു. തന്റെ പിതാവ് വെളുത്ത വംശജനും മാതാവ് കറുത്ത വംശജയും ആയതിനാലാണ് രാജകുടുംബത്തിന് ഇത്തരമൊരു ആശങ്ക നിലനിന്നത്.
മകന് നിറം കുറവാണെങ്കിൽ രാജകുമാരന് എന്ന പദവി നൽകുന്നതിലെ ബുദ്ധിമുട്ട് രാജകുടുംബത്തിലെ ഒരു വ്യക്തി ഹാരിയെ അറിയിച്ചിരുന്നുവെന്നും മേഗൻ വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം കുടുംബത്തിലെ ചില അംഗങ്ങളിൽ നിന്നും വംശീയ പരാമർശങ്ങൾ നേരിടേണ്ടിവന്നുവെന്നും അവർ പറഞ്ഞു.
യുഎസ് മാദ്ധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഗന്റെ തുറന്നുപറച്ചിൽ. ഹാരിയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. മേഗന്റെ വംശവുമായി ബന്ധപ്പെട്ട് കുടുംബത്തിലുണ്ടായ ആശങ്കകൾ പലപ്പോഴും തനിക്ക് നേരിടേണ്ടിവന്നുവെന്ന് ഹാരി പറഞ്ഞു.
കുടുംബത്തിന്റെ വ്യവസ്ഥകളിലും ചട്ടക്കൂടുകളിലും കുടുങ്ങിപ്പോയ വ്യക്തിയായിരുന്നു താൻ. എന്നാൽ ഇതിൽ നിന്നും പുറത്തുകടക്കണമെന്ന് താൻ ആഗ്രഹിച്ചു. അങ്ങനെയാണ് രാജകുടുംബത്തിൽ നിന്നും പുറത്തെത്തിയതെന്നും ഹാരി തുറന്നു പറഞ്ഞു.
2020 ജനുവരിയിലാണ് കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു പോകുന്നതായി ഹാരി പ്രഖ്യാപിച്ചത്. ഹാരി രാജകുമാരനുമായുള്ള പ്രണയത്തിന് ഒടുവില്‍ 2018ല്‍ ആയിരുന്നു മേഗന് രാജകുടുംബത്തിലേക്ക് വിവാഹിതയായി എത്തിയത്. അമേരിക്കൻ വംശജയായ മേഗൻ ഹോളിവുഡ് നടിയുമായിരുന്നു.