കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മോദി പറഞ്ഞു. ഭവാനിപുർ വിട്ട് നന്ദിഗ്രാമിൽ പോയി മമത വീഴാൻ തീരുമാനിച്ചാൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ബംഗാളിലെ ജനങ്ങൾ നിങ്ങളെ ദിദിയായി തെരഞ്ഞെടുത്തു. എന്നാൽ എന്തിനാണ് നിങ്ങൾ ഒരു മരുമകന്റെ അമ്മായി ആയിരുന്നതെന്ന്? ഈ ഒരു ചോദ്യം മാത്രമാണ് ഇപ്പോൾ ബംഗാളിലെ ജനങ്ങൾ ചോദിക്കുന്നത്.
ബംഗാളിൽ അധികാരമാറ്റം മാത്രമല്ല തങ്ങളുടെ ലക്ഷ്യം. ബംഗാളിന്റെ വികസനം കൂടിയാണ്. ഇവിടെ എങ്ങനെയാണ് ജനാധിപത്യവ്യവസ്ഥ തകർക്കപ്പെട്ടത് എന്ന് നിങ്ങൾക്ക് അറിയാം. ബിജെപി ഈ സംവിധാനത്തെ ശക്തിപ്പെടുത്തും.
സർക്കാർ സംവിധാനത്തിലും പോലീസിലും ഭരണത്തിലും പൊതുവിശ്വാസം പുനസ്ഥാപിക്കാനായി തങ്ങൾ മാറ്റം കൊണ്ടുവരും.
കൃഷിക്കാരുടെയും ബിസിനസുകാരുടെയും പെണ്‍കുട്ടികളുടെയും വികസനത്തിനായി പ്രവർത്തിക്കും. നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങൾ ഓരോ നിമിഷവും ജീവിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മമതയിൽ അർപ്പിച്ച വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി
05:22 PM Mar 07, 2021 | Deepika.com