ന്യൂഡൽഹി: കോവിഡ് വാക്സിൻ കുത്തിവച്ചാൽ മറ്റു പല വാക്സിനുകൾക്കും ബാധകമാകുന്നത് പോലെ ചിലർക്ക് മിതമായ പനി, കുത്തിവയ്പ്പെടുത്ത ഭാഗത്തോ ശരീരത്തിന്റെ ഭാഗങ്ങളിലോ വേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.
എന്നാൽ പാർശ്വഫലങ്ങൾ താത്കാലികമായിരിക്കും. വാക്സിൻ എടുത്ത ശേഷം കോവിഡ് ബാധിക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ എടുക്കുന്നതിന് മുൻപ് കോവിഡ് ബാധിച്ച ഒരാൾക്ക് വാക്സിൻ എടുത്തശേഷവും രോഗ ലക്ഷങ്ങൾ പ്രകടമാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിൻ പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കോവിഡ് രോഗത്തിന്റെ ഫലമായി വന്ധ്യത സംഭവിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് സർക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടായേക്കാം, എന്നാൽ വന്ധ്യരാക്കില്ല: കേന്ദ്ര ആരോഗ്യമന്ത്രി
11:37 PM Jan 14, 2021 | Deepika.com