തിരുവനന്തപുരം: മകൻ അപു ജോസഫ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് എംഎൽഎ. അപു ഇപ്പോൾ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണെന്നും കുറച്ചുകാലംകൂടി പാർട്ടിയിൽ പ്രവർത്തിക്കട്ടെ എന്നും ജോസഫ് പറഞ്ഞു.
അപു ജോണ്‍ ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇക്കാര്യം യുഡിഎഫ് നേതാക്കളോട് ജോസഫ് ഉന്നയിച്ചതായാണ് വിവരം. കോഴിക്കോട് ജില്ലയിൽ നിന്നാണ് അപു മത്സരിക്കാനൊരുങ്ങുന്നത്.
നിലവിൽ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാന്പ്ര സീറ്റ് മുസ്ലിം ലീഗിനു നൽകി പകരം ലീഗിന്റെ കൈവശമുളള തിരുവന്പാടിയിൽ അപുവിനെ സ്ഥാനാർഥിയാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കമെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ.
തിരുവന്പാടിയിൽ അപുവിനെ ഇറക്കിയാൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തൽ. ഇവിടെ ലീഗ് മത്സരിക്കുന്നതിനേക്കാൾ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ജോസഫ് വിഭാഗം പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ അപു, പാർട്ടിയുടെ യുവജനവിഭാഗം നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് അറിവ്. പേരാന്പ്രയ്ക്കു പുറമേ തളിപ്പറന്പും ആലത്തൂരുമാണ് കേരള കോണ്‍ഗ്രസ് മലബാറിൽ മത്സരിക്കുന്ന മറ്റ് രണ്ടു മണ്ഡലങ്ങൾ.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാർട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമാണ് അപു.
മകൻ അപു ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പി.ജെ. ജോസഫ്
10:06 AM Jan 14, 2021 | Deepika.com