ലാഹോർ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷോയബ് മാലിക്ക് ഓടിച്ച സ്പോർട്സ് കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രിയാണു സംഭവം.
പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ടു ലാഹോറിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് അപകടം. നിയന്ത്രണം നഷ്ടമായ ചുവന്ന നിറത്തിലുള്ള സ്പോർട്സ് കാർ വഴിയരുകിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചുകയറിയെങ്കിലും ഷോയബ് മാലിക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കാതെ വെട്ടിക്കാനുള്ള ശ്രമത്തിലാണു മാലിക്കിന്റെ കാർ വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചത്. ട്രക്കിൽ ഇടിച്ചുകയറിയ കാർ പൂർണമായും തകർന്നു.
പാക്കിസ്ഥാൻ ദേശീയ ടീമിൽ താരത്തിന്റെ സഹതാരം കൂടിയായ വഹാബ് റിയാസിന്റെ കാറിനെ മറികടക്കാനുള്ള ശ്രമത്തിലാണു മാലിക്കിന്റെ കാർ അപകടത്തിൽപ്പെട്ടതെന്നും വാഹനം അമിത വേഗത്തിലായിരുന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്കു കുഴപ്പമൊന്നുമില്ലെന്നു മാലിക്ക് പിന്നീട് ട്വീറ്റ് ചെയ്തു.
ഷോയബ് മാലിക്കിന്റെ സ്പോർട്സ് കാർ ട്രക്കിൽ ഇടിച്ചുകയറി; അദ്ഭുത രക്ഷപ്പെടൽ!
10:18 AM Jan 12, 2021 | Deepika.com