തിരുവനന്തപുരം: ബിജെപി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു നടൻ കൃഷ്ണകുമാർ. വിമർശനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നും രാഷ്ട്രീയത്തിൽ സജീവമാകാൻ തന്നെയാണു തീരുമാനമെന്നും അദ്ദേഹം ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
20 വർഷം മുന്പ് കേരള കോണ്ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിന്റെ പ്രചാരണത്തിനുപോയി. ഒരു കുഴപ്പവും ആർക്കുമുണ്ടായില്ല. സുരേഷ് ഗോപി ഇന്നസെന്റിന്റെ പ്രചാരണത്തിനുപോയപ്പോഴും ആർക്കും കുഴപ്പമില്ലായിരുന്നു. മമ്മൂട്ടി പരസ്യമായി രാഷ്ട്രീയ നിലപാട് പറയുന്നു. അതിനും ആർക്കും വിമർശനമില്ല. എന്നാൽ സുരേഷ് ഗോപിയും താനും ബിജെപിയിലേക്ക് വരുന്നതിനെ ട്രോളുന്നത് എന്തിനാണെന്ന് അങ്ങനെ ചെയ്യുന്നവർക്ക് മാത്രം അറിയാവുന്ന മാനസികാവസ്ഥയാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
തന്റെ നിലപാടുകളെ പറ്റി കുടുംബത്തിനു വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണു തന്റെ ശക്തിയെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവർ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചതായ റിപ്പോർട്ടുകൾക്കിടെയാണു നടന്റെ പ്രതികരണം. തിരുവനന്തപുരം സെൻട്രലിൽ കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുമെന്നാണു റിപ്പോർട്ടുകൾ.
ട്രോൾ തനിക്കും സുരേഷ് ഗോപിക്കും മാത്രം, മമ്മൂട്ടിക്കില്ല; പ്രതികരിച്ച് കൃഷ്ണകുമാർ
02:50 PM Jan 10, 2021 | Deepika.com