ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർത്തുമെന്നു ബിജെപി എംഎൽഎയുടെ ആരോപണം. രാജസ്ഥാനിലെ രാംഗഞ്ജ് മാണ്ഡിയിൽനിന്നുള്ള ബിജെപി എംഎൽഎ മദൻ ദിലാവറാണു വിചിത്രമായ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
പ്രതിഷേധക്കാർക്കു രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ഒരു ചിന്തയുമില്ല. കർഷകരെ സംബന്ധിച്ചിടത്തോളം സമരം വെറും വിനോദയാത്രമാത്രമാണ്. അവർ ചിക്കൻ ബിരിയാണി ആസ്വദിക്കുന്നു. അവർ കാജുബദാം കഴിക്കുന്നു. അവർ എല്ലാവിധത്തിലും ആസ്വദിക്കുകയാണ്. അവർ പതിവായി വേഷം മാറുന്നു. അവരിൽ ധാരാളം തീവ്രവാദികളും കള്ളൻമാരും കൊള്ളക്കാരുമുണ്ടാകാം. അവരാണു കർഷകരുടെ ശത്രുക്കൾ- മദൻ ദിലാവർ പറഞ്ഞു.
അപേക്ഷിച്ചോ ബലപ്രയോഗത്തിലൂടെയോ അടുത്ത ദിവസങ്ങളിൽ സർക്കാർ അവരെ നീക്കം ചെയ്തില്ലെങ്കിൽ പക്ഷിപ്പനി രാജ്യം മുഴുവൻ വ്യാപിക്കുമെന്നും ദിലാവർ കൂട്ടിച്ചേർത്തു. ബിജെപി എംഎൽഎയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേരളം, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഏവിയൻ ഫ്ളൂ (പനി പക്ഷിപ്പനി) പടർന്നുപിടിച്ചതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് രാജസ്ഥാൻ എംഎൽഎയുടെ വിദ്വേഷ പരാമർശങ്ങൾ.
കർഷകർ ചിക്കൻ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടർത്തുമെന്ന് ബിജെപി എംഎൽഎ
11:10 AM Jan 10, 2021 | Deepika.com