തിരുവനന്തപുരം: കസ്റ്റംസിനെതിരെ സിപിഎമ്മിന്റെ അവകാശലംഘനനോട്ടിസ്. രാജു എബ്രഹാം എംഎൽഎയാണു കസ്റ്റംസിനെതിരെ നിയമസഭാസെക്രട്ടറിക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടു നിയമസഭാ സെക്രട്ടറിക്കു നൽകിയ മറുപടിയാണു നോട്ടീസിന് ആധാരം. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാൻ നോട്ടിസ് നൽകുന്നതിനു സ്പീക്കറുടെ അനുമതി വേണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയ നിയമസഭാ സെക്രട്ടറിയോട്, ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല എന്നാണു കസ്റ്റംസ് നൽകിയ മറുപടി.
ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ഉടനെ അയാളെ കുറ്റവാളിയായി കാണുന്നതു ശരിയല്ലെന്നും അതു ചട്ടങ്ങളുടെ ലംഘനമാണെന്നും കാണിച്ചുകൊണ്ടാണു രാജു എബ്രഹാമിന്റെ നോട്ടീസ്. മറുപടി നിയമസഭാ സെക്രട്ടറിക്കു ലഭിക്കും മുന്പു മാധ്യമങ്ങൾക്കു നൽകിയതു ബോധപൂർവമാണെന്നും നോട്ടീസിൽ പറയുന്നു.
നേരത്തെ ലൈഫ് പദ്ധതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ടു ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ജെയിംസ് മാത്യു എംഎൽഎയും അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു.
സ്പീക്കറുടെ പിഎ കുറ്റവാളിയെന്നു കസ്റ്റംസ്; അവകാശലംഘന നോട്ടീസുമായി സിപിഎം
05:25 AM Jan 09, 2021 | Deepika.com