ലണ്ടൻ: സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ കളി ജീവിതം അവസാനിപ്പിക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. അടുത്ത സീസണിൽ മെസി സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായി നിൽക്കുമ്പോഴാണ് ഗാർഡിയോളയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം സിറ്റിയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് ഗാർഡിയോള ദീർഘിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പെപ് മാധ്യമങ്ങൾക്കു മുന്നിൽ മനസ് തുറന്നത്.
മെസി ബാഴ്സലോണ താരമാണ്. താൻ ഇക്കാര്യം ആയിരംവട്ടം പറഞ്ഞുകഴിഞ്ഞു. ഒരു ആരാധകൻ എന്ന നിലയിൽ മെസി ബാഴ്സയിൽ തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്- മെസിയുടെ മുൻ ആശാൻ കൂടിയായ പെപ് പറഞ്ഞു.
വരുന്ന ജനുവരി ഒന്നിനു ശേഷം മെസിക്ക് സ്പെയിനു പുറത്തുള്ള ഏതു ക്ലബിലേക്കും കൂടുമാറാൻ സാധിക്കും. നേരത്തെ ബാഴ്സ പ്രസിഡന്റ് ബർത്യോമുവുമായി കലഹിച്ച മെസി ക്ലബ് വിടാൻ തയാറായിരുന്നു. എന്നാൽ ബർത്യോമു ഇതിനു തടയിട്ടു.
ഒക്ടോബറിൽ ബർത്യോമു രാജിവച്ചെങ്കിലും മെസിയുടെ ജനുവരിക്കു ശേഷം ബാഴ്സയിൽ തുടരുമോയെന്ന കാര്യം അനിശ്വിതത്വത്തിലാണ്. മെസിയുടെ കരാർ ഈ സീസണിൽ പൂർത്തിയാകും. എന്നാൽ അദ്ദേഹത്തിന്റെ മനസിൽ എന്താണുള്ളതെന്ന് തനിക്ക് അറിയില്ലെന്നും പെപ് പറഞ്ഞു.
മെസി ബാഴ്സയിൽ കളി തുടരണം: പെപ് ഗാർഡിയോള
10:25 PM Nov 20, 2020 | Deepika.com