പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ ബിജെപിയുടെ താര്‍കിഷോര്‍ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. മുൻ ഉപമുഖ്യമന്ത്രി ശുശീൽ കുമാർ മോദി കേന്ദ്രമന്ത്രിയാകുമെന്നും പറയുന്നു.
എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കത്തിഹാറിൽനിന്നുള്ള എംഎല്‍എയാണ് താര്‍കിഷോർ. അദ്ദേഹത്തെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്.
ബെത്തിയയില്‍ നിന്നുള്ള എംഎൽഎ രേണു ദേവിയാണ് ഉപനേതാവ്. ഉപമുഖ്യമന്ത്രിയായേക്കുമെന്ന ചോദ്യങ്ങളിൽനിന്ന് താര്‍കിഷോർ ഒഴിവായി. തനിക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുപി മോഡലില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താര്കിഷോറിനു പുറമെ ബെത്തിയ എംഎൽഎ രേണു ദേവിയും ഉപമുഖ്യമന്ത്രിയാകുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഏഴാം തവണയാണ് സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ പാറ്റ്നയില്‍ ചേര്‍ന്ന യോഗത്തില്‍ നിതീഷിനെ എന്‍ഡിഎ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
ബിഹാറിൽ താര്‍കിഷോര്‍ ഉപമുഖ്യമന്ത്രിയായേക്കും; ശുശീൽ കുമാർ മോദി ഡൽഹിക്ക്
09:38 PM Nov 15, 2020 | Deepika.com