തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അധികാരക്കൊതികൊണ്ട് ചെന്നിത്തല അന്ധനായെന്ന് തോമസ് ഐസക് പറഞ്ഞു. കിഫ്ബിയിലെ അഴിമതി എവിടെയാണെന്ന് ചെന്നിത്തല പറയണം. ചെന്നിത്തല ബിജെപിയുടെ ബി ടീമാകരുതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിക്കെതിരെയുള്ള ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ചെന്നിത്തലയ്ക്ക്. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും തോമസ് ഐസക് പരിഹസിച്ചു.
കരട് റിപ്പോർട്ടിന്റെ മറവിൽ സിഎജി അസംബന്ധം എഴുന്നള്ളിച്ചാൽ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും മന്ത്രി പറഞ്ഞു. കാതലായ പ്രശ്നങ്ങൾക്ക് ചെന്നിത്തല മറുപടി നൽകിയിട്ടില്ല.
വായ്പ എടുക്കുന്നതെങ്ങനെ ഭരണഘടന വിരുദ്ധമാക്കും. ലാവ്ലിനിലെ കളി കിഫ്ബിയിൽ അനുവദിക്കില്ല. ബിജെപി-കോണ്ഗ്രസ് ഒത്തുകളി പിടിക്കപ്പെട്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
അധികാരക്കൊതികൊണ്ട് ചെന്നിത്തല അന്ധനായെന്ന് ധനമന്ത്രി
04:04 PM Nov 15, 2020 | Deepika.com