പാറ്റ്ന: ബിഹാറിൽ തുടർച്ചയായി നാലാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകും. ഇന്ന് പാറ്റ്നയിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗം നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്തു. തിങ്കളാഴ്ച നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
രാജ്നാഥ് സിംഗ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിതീഷ് ഇന്നുതന്നെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണറെ കാണും.
243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരം ഉറപ്പിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, വിഐപിക്കും എച്ച്എഎമ്മിനും നാല് വീതം സീറ്റുകളാണ് ഉള്ളത്.
ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി
03:20 PM Nov 15, 2020 | Deepika.com