ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ എസ്.കെ മിശ്രയുടെ കാലാവധി നീട്ടി നൽകിയ കേന്ദ്രസർക്കാർ നടപടിയെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കൂട്ടിലെ തത്ത മറ്റൊരു വർഷം കൂടി തന്റെ സ്വർണക്കൂട്ടിൽ ചെലവഴിക്കുമെന്നായിരുന്നു പരിഹാസം. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഇഡി ഡയറക്ടറുടെ കാലാവധി മുന്‍കാല പ്രാബല്യത്തോടെ നീട്ടി. കൂട്ടിലെ തത്ത മറ്റൊരു വർഷം കൂടി തന്റെ സ്വർണക്കൂട്ടിൽ ചെലവഴിക്കും- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
ഈ മാസം പതിനെട്ടിന് വിരമിക്കാനിരിക്കെയാണ് മിശ്രയുടെ കാലാവധി കേന്ദ്ര സർക്കാർ നീട്ടി നൽകിയത്. മിശ്രയ്ക്ക് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകുന്നതായി കേന്ദ്ര സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. 2018ൽ ആണ് മിശ്ര രണ്ടു വർഷത്തേക്ക് ഇഡി ഡയറക്ടറായി നിയമിതനാവുന്നത്.
ഒരു വർഷം കാലാവധി നീട്ടി കിട്ടിയതോടെ ഇത്തരത്തിൽ ദീർഘ കാലാവധി ലഭിക്കുന്ന ആദ്യ ഇഡി ഡയറക്ടർ ആയി മിശ്ര. 1984 ബാച്ചിലെ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് മിശ്ര. 2018 നവംബറിൽ ഇഡി ഡയറക്ടറായി നിയമിതനാവുന്നതിനു തൊട്ടു മുൻപ് കുറച്ചുനാൾ അദ്ദേഹം ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നു.
കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള അന്വേഷണ സംവിധാനമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനവും സാമ്പത്തിക കുറ്റകൃത്യങ്ങളുമാണ് ഇഡിയുട അന്വഷണ പരിധിയിൽ വരുന്നത്. അടുത്തിടെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡിയെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.
തത്ത കൂട്ടിൽ തുടരും! ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിൽ പ്രശാന്ത് ഭൂഷൺ
10:24 PM Nov 14, 2020 | Deepika.com