ന്യൂഡൽഹി: ചാനൽ അവതാരകൻ അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ സുപ്രീം കോടതിയെ വിമർശിച്ച് ട്വീറ്റ് ചെയ്ത ഹാസ്യാവതാരകൻ കുനാൽ കമ്രയ്ക്കെതിരെ കേസെടുക്കാൻ അനുമതി. കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വ്യാഴാഴ്ച അനുമതി നൽകി.
കമ്രയുടെ ട്വീറ്റുകൾ അങ്ങേയറ്റം ആക്ഷേപകരമാണെന്നും കോടതിയെ അവഹേളിക്കുന്നതാണെന്നും അറ്റോർണി ജനറൽ പറഞ്ഞു. കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അറ്റോർണി ജനറലിനെ സമീപിച്ചിരുന്നു.
കോടതിയലക്ഷ്യ നടപടികൾക്ക് അനുമതി നൽകിക്കൊണ്ടുള്ള കത്തിലാണ് കമ്രയുടെ ട്വീറ്റ് കോടതിയെ അവഹേളിക്കുന്നതാണെന്ന് അറ്റോർണി ജനറൽ വിലയിരുത്തിയത്. വ്യാഴാഴ്ച, പൂന ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് രണ്ട് അഭിഭാഷകരും ഒരു നിയമ വിദ്യാർഥിയും കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ വേണുഗോപാലിന്റെ സമ്മതം തേടി.
ആത്മഹത്യ പ്രേരണക്കേസിൽ അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ഏതാനും ട്വീറ്റുകളാണ് വിവാദമായത്. സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനാൽ കമ്ര ട്വീറ്റ് ചെയ്തു. പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റീസ് ഡി.വെ. ചന്ദ്രചൂഡ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.
സുപ്രീം കോടതി സുപ്രീം തമാശ; കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അനുമതി
07:43 PM Nov 12, 2020 | Deepika.com