ഷാർജ: വനിത ട്വന്റി-20 ചലഞ്ചിൽ ട്രെയ്ൽബ്ലെയ്സേഴ്സിന് കിരീടം. നിലവിലെ ചാന്പ്യൻമാരായ സൂപ്പർനോവാസിനെ 16 റണ്‍സിന് കീഴടക്കിയാണ് ട്രെയ്ൽബ്ലെയ്സേഴ്സിന്റെ കിരീടനേട്ടം. സ്കോർ:- ട്രെയ്ൽബ്ലെയ്സേഴ്സ് 118/8 (20), സൂപ്പർനോവാസ് 102/7 (20).
ട്രെയ്ൽബ്ലെയ്സേഴ്സ് ഉയർത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർനോവാസിന് തുടക്കത്തിൽതന്നെ തിരിച്ചടി നേരിട്ടു. ആറ് റണ്‍സിൽ ഓപ്പണർ ചാമരിയെ നഷ്ടമായി. പിന്നാലെ ജെമീമ റോഡ്രിഗസിനെയും (13) സൂപ്പർനോവാസിന് നഷ്ടമായി.
താനിയ ഭാട്ടിയ(14), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (30), ശശികല സിരിനർദ്ധേനെ(19) എന്നിവർ പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
നാല് ഓവറിൽ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സൽമയാണ് സൂപ്പർനോവാസിനെ എറിഞ്ഞിട്ടത്. ട്രെയ്ൽബ്ലെയ്സേഴ്സിനായി ദീപ്തി ശർമ രണ്ട് വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ട്രെയ്ൽബ്ലെയ്സേഴ്സ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. സ്മൃതി 49 പന്തിൽ 68 റണ്‍സ് നേടി.
ഓപ്പണിംഗ് കൂട്ടുകെട്ടിൽ മന്ദാനയും ഡിയാൻഡ്ര ഡോട്ടിനും ചേർന്ന് 71 റണ്‍സാണ് അടിച്ചു കൂട്ടിയത്. എന്നാൽ അതിനുശേഷം തുടരെ വിക്കറ്റുകൾ വീണപ്പോൾ ടീമിന് വലിയ സ്കോർ നേടാൻ സാധിച്ചില്ല. സൂപ്പർനോവാസിനുവേണ്ടി രാധാ യാദവ് അഞ്ച് വിക്കറ്റ് നേടി.
ട്രെയ്ൽബ്ലെയ്സേഴ്സിന് കിരീടം
11:20 PM Nov 09, 2020 | Deepika.com