ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിന് തിരിച്ചടിയായി പേസർ ഭുവനേശ്വർ കുമാറിന്റെ പരിക്ക്. ഭുവിക്ക് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകും. വാർത്താ ഏജൻസിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഹൈദരാബാദ് ടീം മാനേജ്മെന്റോ ഭുവിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അരക്കെട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഭുവിയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പുറത്തുവന്നിട്ടില്ല. ഈ സീസണില്‍ മികച്ച ഫോമിലായിരുന്ന താരത്തിന്റെ അഭാവം ഹൈദരാബാദിന്റെ ബൗളിംഗ് കരുത്ത് കുറയ്ക്കുമെന്നും എഎന്‍ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ പരിക്കേറ്റത്. അവസാന സ്പെല്ലിലെ അവസാന ഓവര്‍ എറിയുന്നതിനിടൊണ് ഭുവിക്ക് പരിക്കേറ്റത്. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വറിന് പകരം സിദ്ധാര്‍ത്ഥ് കൗളാണ് കളിച്ചത്.
പരിക്ക് കാരണം സണ്‍റൈസേഴ്സിന് നഷ്ടമാകുന്ന രണ്ടാമത്തെ താരമാണ് ഭുവി. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനേയും അവര്‍ക്ക് നേരത്തെ നഷ്ടമായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് മാര്‍ഷിന് പകരം ടീമിലെത്തിയത്.
അതേസമയം, പരിക്കേറ്റ ഡൽഹി കാപിറ്റൽസ് താരം അമിത് മിശ്രയ്ക്ക് ഈ സീസൺ നഷ്ടമാകുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. തന്റെ ആദ്യ ഓവറില്‍ നിതീഷ് റാണയുടെ റിട്ടേണ്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റു.
മിശ്രയ്ക്ക് പകരം ഇശാന്ത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തും. അതേസമയം അമിത് മിശ്രയ്ക്ക് പകരമൊരു ഇന്ത്യന്‍ സ്പിന്നറെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ശ്രമിച്ചേക്കും.
സണ്‍റൈസേഴ്സിന് കനത്ത പ്രഹരം; ഭുവനേശ്വർ കുമാർ ഐപിഎല്ലില്‍ നിന്ന് പിന്മാറി
06:16 PM Oct 05, 2020 | Deepika.com