ന്യൂഡൽഹി: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകൾ ഒക്ടോബർ 31 വരെ തുറക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
നേരത്തെ ഒക്ടോബർ അഞ്ച് വരെ സ്കൂളുകൾ തുറക്കില്ലെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രോഗവ്യാപനം കണക്കിലെടുത്ത് ഈ മാസം തുറക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ അണ്‍ലോക് അഞ്ച് പ്രഖ്യാപിച്ചിരുന്നു. ഇതിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഒക്ടോബർ 15ന് ശേഷം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്ന് നിർദ്ദേശിച്ചിരുന്നു.
വിവിധ സ്കൂൾ മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തിയ ശേഷമാണ് ഒക്ടോബറിൽ തുറക്കേണ്ടെന്ന തീരുമാനത്തിൽ എഎപി സർക്കാർ എത്തിയത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
അതേസമയം ഇതുവരെ തുടർന്ന പോലെ ഓണ്‍ലൈൻ ക്ലാസുകൾ തുടരാനും ഡൽഹി സർക്കാർ സ്കൂളുകൾക്ക് നിർദ്ദേശം നൽകി.
ഡൽഹിയിൽ ഈ മാസവും സ്കൂളുകൾ തുറക്കില്ല
05:27 PM Oct 04, 2020 | Deepika.com