ഷാർജ: ഡൽഹി ക്യാപിറ്റൽസിനെതിരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 229 റണ്‍സ് വിജയലക്ഷ്യം. പൃഥ്വി ഷായുടെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറികളാണ് ഡൽഹിക്ക് കരുത്തായത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റണ്‍സാണ് ഡൽഹി അടിച്ചു കൂട്ടിയത്.
ആദ്യ ഓവറുകളിൽ തന്നെ ഡൽഹി കോൽക്കത്തയെ പ്രഹരം ഏൽപ്പിച്ചിരുന്നു. ടീം സ്കോർ 56ൽ എത്തിയപ്പോഴാണ് ഡൽഹിക്ക് ഓപ്പണർ ശിഖർ ധവാനെ(26) നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ നായകൻ അയ്യർ പൃഥ്വി ഷായെയും കൂട്ടുപിടിച്ച് ഡൽഹിയെ ഉയരങ്ങളിലെത്തിക്കുകയായിരുന്നു. 41 പന്തുകളിൽ നിന്നും 66 റണ്‍സ് നേടിയാണ് ഷാ മടങ്ങിയത്. ഇരുവരും ചേർന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
പൃഥ്വി ഷാ പുറത്തായിട്ടും ശ്രേയസ് അയ്യർ തകർപ്പൻ ഷോട്ടുകളുമായി മുന്നോട്ടു കുതിച്ചു. ഋഷഭ് പന്തും അയ്യരും ചേർന്ന് അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. അതിനിടയിൽ അയ്യർ 26 പന്തുകളിൽ നിന്നും അർധ സെഞ്ചുറി നേടി.
ഋഷഭ് പന്തും ആക്രമിച്ച് കളിച്ചതോടെ ഡൽഹി സ്കോർ 200 കടന്നു. ഇരുവരും ചേർന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ 17 പന്തുകളിൽ നിന്നും 38 റണ്‍സെടുത്ത ഋഷഭ് പന്ത് പുറത്തായി. 38 പന്തിൽ 88 റണ്‍സ് നേടി അയ്യർ പുറത്താകാതെ നിന്നു.
കോൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസ്സൽ രണ്ടുവിക്കറ്റുകൾ നേടിയപ്പോൾ വരുണ്‍ ചക്രവർത്തി, കംലേഷ് നാഗർകോട്ടി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
ഷായ്ക്കും അയ്യർക്കും അർധ സെഞ്ചുറി; കോൽക്കത്തയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം
09:56 PM Oct 03, 2020 | Deepika.com