തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുൻപു പൂജ നടത്തിയതിനെ ചൊല്ലി ചിലർ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നു മന്ത്രി ജി.സുധാകരൻ.
ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താൽ ആ സൈറ്റ് നിർമാണം പൂർത്തീകരിച്ചു നാടിന് കൈമാറുന്നതു വരെ അവരുടേതാണെന്നും അവിടെ കരാറുകാർക്കും തൊഴിലാളികൾക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റ് മതാനുഷ്ഠാനങ്ങളോ നടതുന്നതിനെ സർക്കാർ എതിർക്കേണ്ട കാര്യമെന്താണെന്നുമാണ് മന്ത്രി ചോദിക്കുന്നത്.
കരാറുകാരായ സിഎംആർസിയുടെ തലവൻ ഇ.ശ്രീധരൻ സർ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നാണ് മനസിലാക്കുന്നത്. അവർ സഹായം തേടിയിട്ടുള്ള ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റി വാഗ്ഭടാനന്ദൻ സ്ഥാപിച്ചതും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായതുമായ നിർമാണ മേഖലയിലെ സഹകരണ സ്ഥാപനമാണല്ലൊ.
അവരിലും വിശ്വാസികളുണ്ടായിരിക്കാം. കൂടാതെ കമ്യൂണിസ്റ്റുകാർ വിശ്വാസങ്ങൾക്കെതിരല്ല. മറിച്ച് വിശ്വാസികൾക്കും അവിശ്വാസികൾക്കും സംരക്ഷണമേകുന്നവർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അന്ധമായ രാഷ്ട്രീയ വിരോധം വച്ചു പുലർത്തി ചിലർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണ്.
കേരളത്തിനു മേൽ വീണ കളങ്കം മായ്ക്കാനും അഴിമതിയുടെ പഞ്ചവടിപ്പാലമായ പാലാരിവട്ടം പാലം പൊളിച്ച് അഭിമാനത്തിന്റെ ഉയരപ്പാത തീർക്കാനുള്ള ഇടതു സർക്കാരിന്റെ ആത്മാർഥ ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നതും മേൽപ്പറഞ്ഞ വ്യാജ പ്രചാരകരെ ഒറ്റപ്പെടുത്തുന്നു എന്നറിയുന്നതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സർവസാധാരണമാണ്.ഇതിൽ സർക്കാരിനു പങ്കില്ലെന്ന് ഏവർക്കും അറിവുള്ളതുമാണ്. ഇത് തടയാൻ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല.
അതിനാൽ തന്നെ പൂജ നടന്നത് സർക്കാർ ചിലവിലുമല്ല. ഏതാനും ചില തത്പരകക്ഷികൾ മാത്രമാണ് പല രൂപത്തിലും ഭാവത്തിലും വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മാർക്സിസവും ലെനിനിസവും പാർട്ടി നയരേഖകളും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് മാത്രമല്ല സാധാരണക്കാർക്കും സത്യം മനസിലാവും. യുക്തിവാദത്തിൽ ശാസ്ത്രീയ യുക്തിവാദവും യാന്ത്രിക യുക്തിവാദവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി വിവക്ഷിച്ചിട്ടുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാൾ വലുതാണ് കരാറുകാരും തൊഴിലാളികളും അവരുടെ വിശ്വാസത്തിൽ, അവരുടെ ചിലവിൽ നടത്തിയ ഭൂമി പൂജ എന്നു കരുതുന്നവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പരിഹസിച്ചു.
പാലാരിവട്ടം പാലം: പൂജ നടന്നത് സർക്കാർ ചെലവിൽ അല്ലെന്ന് മന്ത്രി ജി. സുധാകരൻ
07:44 PM Sep 29, 2020 | Deepika.com