ബാഴ്സലോണ: ബാഴ്സലോണയിൽനിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറിയ ഉറുഗ്വെൻ താരം ലൂയി സുവാരസിന് ക്ലബ് വിടവാങ്ങൽ നൽകാത്തതിൽ പ്രതിഷേധിച്ച് സുഹൃത്തും സഹതാരവുമായ ലയണൽ മെസി. സുവാരസ് ബാഴ്സലോണയിൽനിന്നും മികച്ച വിടവാങ്ങൽ അർഹിച്ചിരുന്നെന്നും എന്നാൽ ക്ലബിന്റെ ഇപ്പോഴത്തെ നിലപാടിൽ തനിക്ക് അതിശയമില്ലെന്നും മെസി തുറന്നടിച്ചു.
സുവാരസ് വിടവാങ്ങൽ മത്സരത്തിന് അർഹനായിരുന്നു. ക്ലബിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. കൂട്ടായും വ്യക്തിഗതമായും നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്- മെസി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. സുവാരസിനെപ്പോലെ ക്ലബിൽനിന്ന് പുറത്താക്കപ്പെടരുത്. എന്നാൽ ഒന്നും തന്നെ ആശ്ചര്യപ്പെടുത്തുന്നില്ല എന്നതാണ് സത്യം- മെസി ക്ലബിനെതിരെ ശക്തമായി പ്രതികരിച്ചു.
റോണൾഡ് കൂമൻ ബാഴ്സ പരിശീലകനായി ചുമതലയേറ്റതിനു പിന്നാലെയാണ് സുവാരസിന് ബാഴ്സ വിടേണ്ടിവന്നത്. അത്ലറ്റിക്കോ മാഡ്രിഡിലേക്കാണ് സുവാരസ് മാറിയത്. കൂമൻ ബാഴ്സ പരിശീലകനായി ചുമതലയേറ്റതോടെ ടീമിൽ സുവാരസിന്റെ സ്ഥാനം നഷ്ടമായിരുന്നു.
കഴിഞ്ഞ ദിവസം ബാഴ്സയുടെ ട്രെയിനിംഗ് ഗ്രൗണ്ടിൽനിന്ന് കണ്ണീരോടെയാണ് സുവാരസ് മടങ്ങിയത്. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് മുപ്പത്തിമൂന്നുകാരനായ സു വാരസ് അത്ലറ്റിക്കോയിൽ എത്തിയത്. രണ്ട് വർഷത്തേക്കാണ് കരാറെന്നാണ് സൂചന.
സുവാരസ് വിടവാങ്ങലിന് അർഹനായിരുന്നു, ഒന്നും അദ്ഭുതപ്പെടുത്തുന്നില്ല; മെസിയുടെ ഫ്രീ "കിക്ക്'
10:30 PM Sep 25, 2020 | Deepika.com