പത്തനംതിട്ട: കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ പന്പാ ഡാം തുറക്കാൻ നിർദേശം. എട്ട് മണിക്കൂർ ഡാം തുറന്നിടും. പന്പാ ഡാമിന്റെ ആറ് ഷട്ടറുകൾ രണ്ട് അടി വീതമാണ് തുറക്കുന്നത്. ഇതേതുടർന്നു പത്തനംതിട്ടയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണക്കൂടം അറിയിച്ചു.
പമ്പാ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴിനും എട്ടിനും രേഖപ്പെടുത്തിയ റീഡിംഗ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തിൽ പമ്പയിൽനിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്തുനിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്.
ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽനിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ അതിശക്തമായ മഴയിലൂടെ ഡാം ലെവൽ എഫ്ആർഎല്ലിലേക്ക് ഉയർന്ന് വലിയതോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. രാത്രി ഡാം തുറന്നു വിടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനും സാധിക്കും.
82 ക്യുബിക് മീറ്റർ / സെക്കന്റ് ജലമാണ് തുറന്നു വിടുക. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഏകദേശം അഞ്ചു മണിക്കൂറുകൊണ്ട് ഈ വെള്ളം റാന്നിയിൽ എത്തുമെന്നാണ് വിലയിരുത്തുന്നത്.
പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
പന്പാ ഡാം തുറക്കും; പത്തനംതിട്ടയിൽ അതീവ ജാഗ്രത
01:41 PM Aug 09, 2020 | Deepika.com