കോട്ടയം: കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറി. പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുകയാണ്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്.
പാലമുറിയിൽ കാർ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് ഇന്ന് പുലർച്ചെ കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിൽ നിന്നാണ് കുത്തൊഴുക്കുണ്ടായത്. ഒഴുക്കിൽപ്പെട്ട കാർ കരയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
മഴ വീണ്ടും ശക്തിപ്പെട്ടതോടെ ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. ചെങ്ങളം, കിളിരൂർ, മലരക്കിൽ, കാഞ്ഞിരം, കുമ്മനം, കളരിക്കൽ, മണിയല, മറ്റത്തിൽ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ പുരയിടങ്ങളും വെള്ളത്തിലായി.
കോട്ടയത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ജനങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
കോട്ടയം പ്രളയഭീതിയിൽ; കാർ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
08:24 AM Aug 09, 2020 | Deepika.com