തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാന്പിലെ പോലീസുകാരനു കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങിൽ സ്പെഷൽ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു ഇയാൾ.
പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ കണ്ടെത്തിയതിനു പിന്നാലെ കേരള പോലീസ് ആസ്ഥാനം അടച്ചിരിക്കുകയാണ്. റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു രോഗം സ്ഥിരീകരിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾക്കായാണു പോലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അവധി ദിനങ്ങളായതിനാൽ നടപടി പോലീസിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണു വിലയിരുത്തൽ.
അതേസമയം, കോവിഡ് ബാധിച്ച് ഇടുക്കിയിൽ പോലീസുകാരൻ മരിച്ച സംഭവത്തിനു പിന്നാലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം ഏർപ്പെടുത്തി. 50 വയസ് കഴിഞ്ഞ പോലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാണു ഡിജിപിയുടെ നിർദേശം.
തിരുവനന്തപുരം എസ്എപി ക്യാന്പിലെ പോലീസുകാരനു കോവിഡ്; കനത്ത ജാഗ്രത
06:07 PM Aug 01, 2020 | Deepika.com