മലപ്പുറം: മലപ്പുറം ജില്ലയിൽ 75 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ 63 പേർക്കും സന്പർക്കത്തിലൂടെയാണു രോഗബാധ.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴുപേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. വെള്ളിയാഴ്ച ഒന്പതുപേർ ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കുശേഷം ഇതുവരെ 1,333 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയിൽ 33,447 പേർ നിരീക്ഷണത്തിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 834 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 577 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 13 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടു പേരും നിലന്പൂർ ജില്ലാ ആശുപത്രിയിൽ അഞ്ചു പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 31 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 48 പേരും കരിപ്പുർ ഹജ് ഹൗസിൽ 35 പേരും കാലിക്കറ്റ് സർവകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 123 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 31,237 പേർ വീടുകളിലും 1,340 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ ആർടിപിസിആർ, ആന്റിജൻ, ആന്റിബോഡി വിഭാഗങ്ങളിലുൾപ്പടെ 65,959 പേരുടെ സാന്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 63,929 പേരുടെ ഫലം ലഭ്യമായി. ഇതിൽ 58,539 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,894 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
മലപ്പുറത്ത് 75 പേർക്ക് കോവിഡ്; 63 പേർക്കു സന്പർക്കത്തിലൂടെ; ഒന്പതു രോഗമുക്തർ
06:55 PM Jul 31, 2020 | Deepika.com