തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശംകാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ കേരള, കർണാടക, ലക്ഷദ്വീപ്, മാലിദ്വീപ്, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതിനാൽ ചൊവ്വാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 1.8 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി.
മീൻപിടിത്തക്കാർ അറിയാൻ; കടൽ കലങ്ങിമറിയും, തിര തീരംകവിയും
07:03 PM Jul 31, 2020 | Deepika.com