ന്യൂഡൽഹി: കോവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയിൽ താഴെയെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പരിശോധനയിൽ ദേശീയ ശരാശരി പത്ത് ലക്ഷത്തിൽ 324 ആണ്. എന്നാൽ ഇത് കേരളത്തിൽ 212 മാത്രമാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം കേരളത്തിൽ കോവിഡ് മരണനിരക്ക് കുറവാണ്. രാജ്യത്ത് കോവിഡ് മരണനിരക്ക് കുറവുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിൽ കോവിഡ് മരണനിരക്ക് 0.31 ശതമാനമാണ്. രാജ്യത്ത് 2.21 ശതമാനമാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രസർക്കാർ പ്രതിനിധികൾ വ്യക്തമാക്കി. കോവിഡ് പരിശോധനകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പരിശോധനാ നിരക്കിനേക്കാൾ കൂടുതലാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കോവിഡ് രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയരെയാണെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
കോവിഡ് പരിശോധന; കേരളം ദേശീയ ശരാശരിയിൽ താഴെയെന്ന് കേന്ദ്രം
05:26 PM Jul 30, 2020 | Deepika.com