ന്യൂഡൽഹി: ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്ന് സൂചന. വെള്ളിയാഴ്ചയാണ് രണ്ടാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നത്. ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽവരുന്ന മൂന്നാം ഘട്ടത്തിൽ സിനിമാശാലകൾ ഉൾപ്പെടെ തുറക്കാൻ അനുമതിനൽകിയേക്കും. ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ അടുത്ത ആഴ്ച പുറത്തിറക്കും.
മൂന്നാം ഘട്ടത്തിലും സ്കൂളുകളും മെട്രോ സർവീസുകളും പ്രവർത്തിക്കാൻ അനുമതി ഉണ്ടാവില്ല. സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിത കാർവാളിന്റെ അധ്യക്ഷതയിൽ മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങളുമായി സ്കൂളുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ ജിമ്മുകൾക്ക് മൂന്നാം ഘട്ടത്തിൽ പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്നാണ് അറിയുന്നത്.
കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും തീയറ്ററുകള്‍ തുറക്കാൻ അനുമതി നൽകുക. ഒന്നിടവിട്ടുള്ള സീറ്റുകളിൽ ആളുകളെ ഇരുത്തുക. ടിക്കറ്റ് വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനം. സാനിറ്റൈസര്‍, മാസ്ക് എന്നിവ നിര്‍ബന്ധമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് തീയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് മുന്നോട്ടുവന്നിരിക്കുന്നത്.
ലോക്ക്ഡൗൺ മൂന്നാം ഘട്ടം ഓഗസ്റ്റിൽ; തീയറ്ററും ജിമ്മും തുറന്നേക്കും
05:49 PM Jul 26, 2020 | Deepika.com